കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) ഉപയോഗിച്ചുള്ള ജൈവ വള പ്രയോഗം കൃഷിയിടത്തില്‍
കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെകില്‍ നമുക്ക് കടല പിണ്ണാക്ക് ഉപയോഗിക്കാം. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭ്യമാണ്. പണ്ടൊക്കെ ആളുകള്‍ പശുക്കള്‍ക്ക് കൊടുക്കുവാന്‍ കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ചുരുക്കം ചില കടകളില്‍ മാത്രമാണ് കപ്പലണ്ടി പിണ്ണാക്ക് ലഭിക്കുന്നത്. വില ഒരു കിലോ 50 രൂപ മുതല്‍ കൊടുക്കണം, വില ഇത്തിരി കൂടുതല്‍ ആണ് കപ്പലണ്ടി പിണ്ണാക്കിന്. പക്ഷെ കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ചാല്‍ വിളകള്‍ നല്ല രീതിയില്‍ വളര്‍ന്നു നല്ല വിളവു നമുക്ക് ലഭിക്കും. കപ്പലണ്ടി പിണ്ണാക്ക് എങ്ങിനെ ജൈവ വളമായി ഉപയോഗപ്പെടുത്താം എന്ന് നമുക്ക് നോക്കാം.
കപ്പലണ്ടി പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്, ഉറുമ്പുകള്‍ അത് കൊണ്ട് പോകും. ഇനി കുഴിയെടുത്തു ഇട്ടാലും ഉറുമ്പുകള്‍ ശല്യം ചെയ്യും അത് കൊണ്ട് അത് നേരിട്ട് കൊടുക്കാതെ ഇരിക്കുന്നതാണ് ഉത്തമം. 1-2 പിടി കപ്പലണ്ടി പിണ്ണാക്ക് എടുത്തു 1 ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു 3-4 ദിവസം വെക്കുക. അപ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് നന്നായി പുളിക്കും, ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് നല്ലതാണു. ഇനി ഇതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങിനെ ചെയ്യുന്നത് നല്ലതാണ്. പുളിച്ച കപ്പലണ്ടി പിണ്ണാക്ക് കൊണ്ട് ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല. കപ്പലണ്ടി പിണ്ണാക്ക് , പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിച്ച് നമുക്ക് ഒരു ജൈവ വളര്‍ച്ച ത്വരകം ഉണ്ടാക്കാം.
കടല പിണ്ണാക്ക് – പച്ച ചാണകം – വേപ്പിന്‍ പിണ്ണാക്ക് ജൈവ വളം
ഈ വളം ഉണക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയെന്നു നമുക്ക് നോക്കാം. കടലപിണ്ണാക്ക് , പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് , വെള്ളം ഇവയാണ് വേണ്ട വസ്തുക്കള്‍. ചെറിയ തോട്ടങ്ങള്‍ക്ക് വളരെ ചെറിയ അളവില്‍ ഉണ്ടാക്കുന്നതാണ് നല്ലത്. ഇതിനായി കടല പിണ്ണാക്ക് 100 ഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം, പച്ച ചാണകം 100 ഗ്രാം, വെള്ളം 2 ലിറ്റര്‍ ഇവ എടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് വെയില് കൊള്ളാതെ 5 ദിവസം വെക്കുക. ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കുക. 5 ദിവസം കഴിഞ്ഞു ഈ മിശ്രിതം 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. വൈകുന്നേരം ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ആഴ്ചയില്‍ അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഇങ്ങിനെ ചെയ്യുന്നത് ചെടികളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ മെച്ചപ്പെട്ട വിളവിനും സഹായകമാണ്.