ടെറസ്സില്‍ എങ്ങിനെ ഇഞ്ചി കൃഷി ചെയ്യാം
ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര്‍ മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് / ടെറസ് കൃഷിക്കായി ഉപയോഗപെടുത്താം. ഗ്രോ ബാഗ് എന്താണെന്നു അതിന്റെ മേന്മകളും നമ്മള്‍ വളരെയധികം തവണ ചര്‍ച്ച ചെയ്തതാണ്. ഗ്രോ ബാഗില്‍ എന്തൊക്കെ കൃഷി ചെയ്യാം എന്നും , അവയിലെ നടീല്‍ മിശ്രിതം എന്തൊക്കെയാണെന്നും കുറെയധികം തവണ ഇവിടെ പോസ്റ്റ് ചെയ്തതാണ്.
Ginger Growing Video
ഇഞ്ചിയുടെ നടീല്‍ വസ്തു അതിന്റെ ഭൂകാണ്ഡമാണ് , രോഗ കീട വിമുക്തമായ വിത്തിഞ്ഞിയാണ് നടുന്നത്. നീര്‍വാര്‍ച്ചയുള്ള (വെള്ളം കെട്ടി നില്‍ക്കാത്ത) മണ്ണാണ് ഇഞ്ചി കൃഷിക്ക് അനുയോജ്യം. വെള്ളം കെട്ടി നിന്നാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്, ഇഞ്ചി കൃഷിയിലെ പ്രധാന വില്ലന്‍ ആണ് ചീയല്‍ രോഗം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ കുറച്ചു ഗ്രോ ബാഗുകളില്‍ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. നല്ല വിളവാണ് ലഭിച്ചത്, ഇത്തവണയും കുറച്ചു ഇഞ്ചി നട്ടിട്ടുണ്ട് ഗ്രോ ബാഗുകളില്‍. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ത്ത് ഇളക്കും. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടുന്നു, വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കും. വേറെ വളപ്രയോഗം ഒന്നും ചെയ്യാറില്ല.
ഇഞ്ചി കൃഷി ചെയ്യുന്നത് മേയ് മാസം പകുതി കഴിഞ്ഞാണ്, മഴയ ആശ്രയിച്ച കൃഷി രീതിയാണ്. സ്യൂഡോമോണാസ് ഇടയ്ക്ക് കൊടുക്കാറുണ്ട്, കലക്കി ഒഴിച്ച് കൊടുക്കും. കാര്യമായ കേട് ബാധയൊന്നും ഗ്രോ ബാഗിലെ ഇഞ്ചികൃഷിയില്‍ കണ്ടിട്ടില്ല. നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാം, നല്ല വിളവു ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഏതാണ്ട് ആറു മാസം കൊണ്ട് നമുക്ക് ഇഞ്ചി വിളവെടുക്കാം. കൂടുതല്‍ ജൈവ കൃഷി വാര്‍ത്തകള്‍ക്കും കൃഷി രീതികള്‍ക്കും ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക.