മത്തന്‍ , പടവല വിളകളിലെ കീടങ്ങള്‍ – കായീച്ച

നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ്. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും. ആക്രമണത്തേക്കാള്‍ പ്രതിരോധം ആണ് ഇവിടെ നല്ലത്. കുറെയധികം കെണികള്‍ ഉണ്ട് ഇവയെ കുടുക്കാന്‍ . ഫിറമോണ്‍ കെണി , തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി , അങ്ങിനെ കുറെയധികം കെണികള്‍ ഉണ്ട് ഇവനെ കുടുക്കാന്‍ .
വലിയ തോതില്‍ വിളകള്‍ ഉണ്ടെകില്‍ മാത്രം ഇത്തരം കെണികള്‍ക്ക് പിറകെ പോകുക, അവയെ പറ്റി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ എഴുതാം. നമ്മുടെ ചെറിയ അടുക്കള തോട്ടങ്ങളില്‍ അവ ഒഴിവാക്കാം. 1-2 മൂട് വിളകള്‍ മാത്രം ആണ് ഉള്ളതെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ അവയെ തുരത്താം. കെണികള്‍ ഇവയെ ആകര്‍ഷിച്ചു വീഴ്ത്തി ആണ് നശിപ്പിക്കുക , ഒരു പക്ഷെ നിങ്ങളുടെ തോട്ടത്തില്‍ അവയുടെ എണ്ണം കുറവാണെങ്കില്‍ ഇത്തരം കെണികള്‍ കൂടുതല്‍ ഈച്ചകളെ അവിടെ എത്തിക്കും , അത് ഒരു പക്ഷെ വിപരീധ ഫലം തരും.
നിയന്ത്രണം
പെണ്‍കായീച്ചകളാണ് പണി തരിക, അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കള്‍ കായ തുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. പച്ചക്കറി വളര്‍ച്ച മുരടിക്കുക, കായ അഴുകിപ്പോവുക ഇവയാകും ഫലം. കുമ്പളം, മത്തന്‍ , തുടങ്ങിയവയില്‍ കായകള്‍ തീരെ ചെറിയ പരുവത്തിലെ ഈ കീടം കയറി ആക്രമിക്കും. ചെറിയ പ്ലാസ്റ്റിക് കഷണം അല്ലെങ്കില്‍ കടലാസ് ഉപയോഗിച്ച് കായകള്‍ പൊതിയുക , പൂവിന്റെ ഭാഗം പുറത്തു കാണണം (പരാഗണം നടക്കുവനാണിത് , കുമ്പളം , മത്തന്‍ തുടങ്ങിയവയില്‍ ഇത് നിര്‍ബന്ധം ആണ്).

പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം മുഴുവനായി മൂടാം . മാരക കീടനാശിനിയെക്കള്‍ ഫലപ്രദം ആണിത്. ഒന്നോര്‍ക്കുക വലിയ രീതിയില്‍ കൃഷി ചെയ്യുബോള്‍ ഇത് പ്രായോഗികം അല്ല , അവിടെ മേല്‍ പറഞ്ഞ കെണികള്‍ ഉപയോഗിക്കേണ്ടി വരുന്നു. പാവല്‍ , പടവലം , വെള്ളരി തുടങ്ങിയവയുടെ കായകള്‍ കാപ്പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം പൊതിയുക, കായയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പൊതി വലുതാക്കുക.
ഇവ കൂടി
1, ഇവയുടെ ആക്രമണം രാവിലെ ആണ് കൂടുതല്‍ ഉണ്ടാകുക.
2, ശ്രദ്ധാപൂര്‍വ്വം വേണം കായകള്‍ പൊതിയാന്‍, അല്ലെങ്കില്‍ കായ തണ്ടില്‍ നിന്നും ഒടിഞ്ഞു പോകാന്‍ സാദ്യതയുണ്ട്.
3, ഇവയെ നിങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കില്‍ രാവിലെ കയ്യില്‍ ഒരു തണ്ട് കൃഷ്ണ തുളസി (കൃഷ്ണ തുളസി തന്നെ വേണം ) എടുത്തു ഞെരടി പിടിച്ചാല്‍ മതി ,മിനിട്ടുകള്‍ക്കകം അവ നിങ്ങളുടെ കയ്യില്‍ പറന്നു വരും.

കമന്‍റുകള്‍
Table of Contents (ഉള്ളടക്കം)