Cauliflower Growing Guide – കോളി ഫ്ലവര്‍ കൃഷി ജൈവ രീതിയില്‍
കോളി ഫ്ലവര്‍ , കാബേജ്, ബീന്‍സ് , ക്യാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നത് കഴിഞ്ഞ കുറെ നാളുകള്‍ ആയി ഉണ്ടായിരുന്ന ആഗ്രഹം ആയിരുന്നു . ഇവ നടുവാന്‍ ഏറ്റവും അനുയോജ്യമായ സമയം നവംബര്‍ മാസം ആണ്. ശീതകാല പച്ചക്കറികള്‍ക്കു നല്ല തണുപ്പ് വേണം, എങ്കിലേ അവ പൂവിടു. നവംബറില്‍ നട്ടാല്‍ ഡിസംബര്‍ , ജനുവരി മാസങ്ങളിലെ തണുപ്പ് നമുക്ക് മുതലെടുക്കാം. നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ പറ്റിയ പ്രത്യേക ഇനങ്ങള്‍ ഉണ്ട്, അവ നോക്കി നടുന്നത് ഉചിതം. കാബേജ്, Cauliflower തുടങ്ങിയവ വിത്ത് പാകി നടുന്നതിനെക്കാള്‍ നല്ലത് തൈകള്‍ വാങ്ങി നടുന്നതാണ്. സീസണ്‍ ആകുമ്പോള്‍ വി എഫ് പി സി കെ (VFPCK – Vegetable and Fruit Promotion Council Keralam)എല്ലാ ജില്ലകളിലും കാബേജ്, കോളി ഫ്ലവര്‍ തൈകള്‍ വിലപ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഒരു തൈ രണ്ടു രൂപ നിരക്കില്‍ ലഭിക്കും .
Seedlings and Seeds of Cauliflower
എനിക്ക് ഇതിന്റെ തൈകള്‍ ലഭിച്ചത് – ഞാന്‍ പന്തളം വി എഫ് പി സി കെ യില്‍ പോയി ആണ് ഇത് സംഘടിപ്പിചത്. നേരത്തെ വിളിച്ചു ബുക്ക് ചെയ്തു. പത്തു തൈകള്‍ കൊണ്ട് വന്നു, അഞ്ചെണ്ണം ഗ്രോ ബാഗില്‍ , അഞ്ചെണ്ണം താഴെയും നട്ടു. ശീതകാല വിളയെന്ന് കരുതി തണലത്തു നടരുത്, ഇവയ്ക്കു നല്ല വെയില്‍ ആവശ്യമാണ്. ഗ്രോ ബാഗില്‍ നടുന്നതിനെക്കുറിച്ചു ഇവിടെ പറഞ്ഞു കഴിഞ്ഞു. താഴെ നട്ടവ, ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി തൈകള്‍ നട്ടു. ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുത്തു. ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുത്തു. മണ്ണ് കയറ്റി കൊടുത്തു. രാസവളം ഉപയോഗിച്ചതെ ഇല്ല. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കി.
കീട ബാധ – സത്യത്തില്‍ എന്റെ ചെടികളെ ഒരു കീടവും ആക്രമിച്ചില്ല, കുറച്ചു മുന്‍കരുതല്‍ എടുത്തു. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറി. പിന്നെ ഗോമൂത്രം, കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്പ്രേ ചെയ്തു. മുന്‍ കരുതല്‍ ഇതില്‍ ഒതുങ്ങി. ഇടയ്ക്ക് കണ്ട പുഴുവിനെ പിടിച്ചു കാപ്പിറ്റല്‍ പണിഷ്മെന്‍റ് കൊടുത്തു.
ടിപ് – Cauliflower വേഗം പൂവിടാന്‍ രാവിലെയും വൈകുന്നേരവും തണുത്ത വെള്ളം അതിന്റെ കടയ്ക്കല്‍ ഒഴിച്ച് കൊടുത്താല്‍ മതി.