ജൈവ രീതിയില്‍ ബീന്‍സ് കൃഷി ചെയ്യുന്ന വിധവും പരിചരണവും
രുചികരമായ ബീന്‍സ് തോരന്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന വിഷമടിച്ച ബീന്‍സ് വാങ്ങി ഉപയോഗിക്കാന്‍ മനസ്സ് സമ്മതിക്കില്ല. ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും വളരും, കഴിഞ്ഞ വര്‍ഷം ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു. ബീന്‍സ് കൃഷി രീതി ഭാഗികമായി വിജയം കണ്ടിരുന്നു, ആദ്യ റൌണ്ട് വിളവിന് ശേഷം ചെടികള്‍ ഉണങ്ങി പോയി. നമ്മുടെ പയറില്‍ ഉണ്ടാകുന്ന തണ്ട് തുരപ്പന്‍ പുഴുവായിരുന്നു വില്ലന്‍.
ഉണങ്ങിയ ചെടികള്‍ ഒടിച്ചു നോക്കിയപ്പോള്‍ അവയ്ക്കിടയില്‍ നുരയ്ക്കുന്ന തണ്ട് തുരപ്പന്‍ പുഴുക്കളെ കണ്ടിരുന്നു. അങ്ങിനെ ബീന്‍സ് കൃഷി അടുത്ത സീസണിലേക്ക് എത്തി. ഈ വര്‍ഷം കുറച്ചു മുന്‍കരുതലുകള്‍ എടുത്തു.
നടീല്‍
വിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്.അടുത്തുള്ള ഒരു കടയില്‍ നിന്നും ആണ് വിത്ത് വാങ്ങിയത് ( ഹരിത വിത്തുകള്‍). 10-12 എണ്ണം പാകി അതില്‍ മിക്കവയും കിളിര്‍ത്തു. പക്ഷെ പറിച്ചു നടാന്‍ 5-6 എണ്ണമേ കിട്ടിയുള്ളൂ. അവ ഗ്രോ ബാഗിലും ഒഴിഞ്ഞ മിട്ടായി ജാറുകളിലും നട്ടു. ആദ്യം മണ്ണിട്ട് പിന്നെ ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഇട്ടു ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു. വീണ്ടും മണ്ണിട്ട് മൂടി തൈകള്‍ പറിച്ചു നട്ടു. നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെച്ചു. ശേഷം ബീന്‍സ് തൈകള്‍ നട്ടു, രാവിലെയും വൈകുന്നേരവും നനച്ചു കൊടുത്തു.
ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുത്തിരുന്നു. ഇടയ്ക്കിക്കിടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി 1 ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചും കൊടുത്തു. ഇവയായിരുന്നു എടുത്ത മുന്‍കരുതലുകള്‍, ബീന്‍സ് വളരെ പെട്ടന്ന് തന്നെ പൂവിട്ടു , കായയും ലഭിച്ചു. കടയില്‍ കാണുന്നതിന്റെ അത്ര വലിപ്പമൊന്നും കിട്ടിയില്ല. പക്ഷെ ലഭിച്ചവയ്ക്ക് നല്ല രുചിയായിരുന്നു.
വളപ്രയോഗം
രണ്ടു തവണ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുത്തു ബീന്‍സ് കൃഷി ചെയ്തപ്പോള്‍ , ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്തു. ഒരു തവണ കടല പിണ്ണാക്ക് നല്‍കി, ഒരു പിടി എടുത്തു വെള്ളത്തില്‍ ഇട്ടു 2 ദിവസം വെച്ച് , നേര്‍പ്പിച്ചു ഒഴിച്ച് കൊടുത്തു. പ്രോട്ടിന്‍ സമൃദ്ധം ആണ് ബീന്‍സ്, ശൈത്യ കാലാവസ്ഥയില്‍ ആണ് നന്നായി വളരുക. മറ്റു ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്ലവര്‍ , ഇവയ്ക്കൊപ്പം ഇനി ബീന്‍സും നമുക്ക് കൃഷി ചെയ്തു നോക്കാം.