അടുക്കളതോട്ടത്തിലെ വെള്ളരി കൃഷി രീതിയും പരിചരണവും
നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ് കണിവെള്ളരി. ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം. മുടിക്കോട് ലോക്കല്‍, സൌഭാഗ്യ , അരുണിമ ഇവ ചില മികച്ചയിനം വെള്ളരിയിനങ്ങള്‍ ആണ്. വിത്തുകള്‍ പാകിയാണ് വെള്ളരി നടുന്നത്. വി എഫ് പി സി കെ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ വഴി നല്ല വിത്തുകള്‍ വാങ്ങാം.
നടീല്‍
വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും നല്‍കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം.കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി കൂടി നല്‍കണം.രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം.
വിത്തുകള്‍ പാകി 3-4 ദിവസം കഴിയുബോള്‍ മുളക്കും. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും.
കീടങ്ങള്‍
കായീച്ചയാണ് വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് / കച്ചി ഒക്കെ ഉപയോഗിച്ചു മൂടുന്നത് കയീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.