ടെറസ്സില്‍ വെണ്ട കൃഷി ചെയ്യുന്ന വിധം
ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളില്‍ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവില്‍ (ടെറസില്‍) വെണ്ട ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ സാധിക്കും. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ മികച്ചയിനം വെണ്ടയിനങ്ങള്‍ ആണ് കൂടാതെ ആനക്കൊമ്പന്‍ വെണ്ട എന്ന ഒരിനം കൂടി ഉണ്ട്. നല്ല വലിപ്പമുള്ള ആനകൊമ്പന്‍ വെണ്ട 4-5 എണ്ണം ഉണ്ടെങ്കില്‍ തന്നെ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഒരു നേരം കഴിക്കാം.
നടീല്‍
ഗ്രോ ബാഗില്‍ മണ്ണ് നിറച്ചു വെണ്ട കൃഷി ചെയ്യാം. മട്ടുപ്പാവ് കൃഷിക്ക് കഴിവതും ഗ്രോ ബാഗ് തന്നെ ഉപയോഗിക്കുക, പ്ലാസ്റ്റിക് കവറുകളില്‍ മണ്ണ് നിറച്ചു കൃഷി ചെയ്യുമ്പോള്‍ കുറെ കഴിയുമ്പോള്‍ പ്ലാസ്റ്റിക് പൊടിഞ്ഞു പോകും. നിങ്ങള്‍ കൃഷി തന്നെ വെറുക്കും, ചെടിച്ചട്ടികള്‍ നല്ലതാണ് പക്ഷെ ഉയര്‍ന്ന വിലയാണ് അവയ്ക്ക്. ടെറസ് കൃഷിയ്ക്ക് ഏറ്റവും മെച്ചം ഗ്രോ ബാഗുകള്‍ തന്നെ. ഇവിടെ ഒരുപാടു തവണ ഗ്രോ ബാഗ് നെ ക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. മണ്ണ് ലഭ്യമാണെങ്കില്‍ അവ നിറയ്ക്കാം. മേല്‍ മണ്ണ് കട്ടയും കല്ലും കളയും മറ്റു അവശിഷ്ട്ടങ്ങളും കളഞ്ഞു ശരിയാക്കി എടുക്കുക. വേണമെങ്കില്‍ ഇതിന്റെ കൂടെ ചകിരിച്ചൊര്‍ ചേര്‍ക്കാം, സാദാരണ ചകിരി അല്ല വാങ്ങാന്‍ ലഭിക്കുന്ന ചകിരിചോറ്. അതെ പറ്റി ഇവിടെയുണ്ട്. മണ്ണ് ഇളക്കുമ്പോള്‍ കൂടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി (ഒരു ബാഗിന് ഒരു പിടി) ചേര്‍ക്കാം. ഉണങ്ങിയ കരിയില , ഉണങ്ങിയ ചാണകപ്പൊടി, ആട്ടിന്‍ കാഷ്ട്ടം ഇവയും ചേര്‍ത്ത് വെണ്ട കൃഷിക്കുള്ള നടീല്‍ മിശ്രിതം തയ്യാറാക്കാം.
വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. ഒരു ഗ്രോ ബാഗില്‍ 3-4 വിത്തുകള്‍ ഇടാം. വളര്‍ന്നു വരുമ്പോള്‍ നല്ല ആരോഗ്യമുള്ള ഒരെണ്ണം നിര്‍ത്തി മറ്റുള്ളവ പറിച്ചു കളയാം. ചെടികള്‍ വളരുന്ന മുറയ്ക്ക് ചേരിയെ രീതിയില്‍ വളം നല്‍കുക. 3-4 ഇല വരുമ്പോള്‍ ഒരു പിടി കടല പിണ്ണാക്ക് നല്‍കുന്നത് ഏറ്റവും നല്ലതാണ്. മണ്ണ് അല്‍പ്പം മാറ്റി ഇട്ടു കൊടുക്കാം. അല്ലെങ്കില്‍ ഉറുമ്പ് എടുത്തു കൊണ്ട് പോകും. ഫിഷ് അമിനോ ആസിഡ് പോലെയുള്ള ദ്രവ വളങ്ങള്‍ നല്‍കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം ” എന്ന പോസ്റ്റ് ശ്രദ്ധിക്കുക.
പരിചരണം
തണ്ട് തുരപ്പന്‍ ആണ് വെണ്ട കൃഷി ചെയ്യുമ്പോള്‍ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.